Kerala
കൊല്ലം: ശബരിമല സ്വര്ണക്കൊള്ള കേസില് അറസ്റ്റിലായ മുന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിനേയും ബോര്ഡ് അംഗമായിരുന്ന അജികുമാറിനേയും എസ്ഐടി കസ്റ്റഡിയില് വിട്ടു. ഒരു ദിവസത്തേക്ക് ആണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
ഇരുവരെയും കൊല്ലം പോലീസ് ക്ലബ്ബില് വച്ച് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. കസ്റ്റഡിയില് വാങ്ങാനുള്ള അപേക്ഷ എസ്ഐടി നേരത്തെ നല്കിയിരുന്നു. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില് എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് പോലീസ് ക്ലബിലേക്ക് എത്തിക്കുക.
2024-25 ല് ഇവരുടെ ഭരണ കാലഘട്ടത്തില് വലിയ തോതില് സ്വര്ണക്കൊള്ള നടന്നു എന്നാണ് എസ്ഐടിയുടെ കണ്ടെത്തല്. 2025ലെ ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകള് ഇതിനോടകം സന്നിദാനത്ത് നിന്നും ദേവസ്വം ബോര്ഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്തിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തി വിശദമായ ചോദ്യാവലി അടക്കം തയാറാക്കിക്കൊണ്ടുള്ള ചോദ്യം ചെയ്യലാണ് നടത്തുന്നത്.
പാളികള് സ്വര്ണം പൂശാന് പുറത്തുകൊണ്ടുപോകരുതെന്ന തിരുവാഭരണ കമ്മീഷന് ഓഫീസിലെ സൂപ്രണ്ട് നല്കിയ കത്ത് പി.എസ്. പ്രശാന്ത് അവഗണിച്ചുവെന്ന് കണ്ടെത്തിയിരുന്നു. തിരുവാഭരണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ക്ഷേത്ര വളപ്പില് തന്നെ ചെയ്യണം എന്നായിരുന്നു സൂപ്രണ്ട് നല്കിയ കത്ത്.
ദേവസ്വം മാനുവല് ഉള്പ്പെടെ ചൂണ്ടിക്കാണിച്ചാണ് 2024 ഒക്ടോബറില് കത്ത് നല്കിയത്. ഈ നിര്ദേശമാണ് അവഗണിച്ചത്. കേസില് പി.എസ്. പ്രശാന്തിനെയും അജികുമാറിനെയും കഴിഞ്ഞ ആഴ്ചയാണ് എസ്ഐടി സംഘം അറസ്റ്റ് ചെയ്തത്.
ശബരിമല സ്വര്ണക്കൊള്ളക്കേസിൽ പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനകളില് പങ്കാളികളാണെന്നും ഔദ്യോഗിക കൃത്യ നിര്വഹണത്തില് വീഴ്ചവരുത്തിയെന്നും എസ്ഐടി റിമാന്ഡ് റിപ്പോര്ട്ടില് പറഞ്ഞിരുന്നു. കോടതിയില് സമര്പ്പിച്ച റിമാന്ഡ് റിപ്പോര്ട്ടിലാണ് എസ്ഐടിയുടെ പരാമര്ശമുള്ളത്.
2019ലെ കുറ്റകൃത്യം മറച്ചുവെക്കുന്ന തരത്തില് പുതിയ ബോര്ഡ് ഉത്തരവിറക്കിയെന്നും ശബരിമലയിലെ സ്വര്ണം അപഹരിക്കുന്നതിന് ഇരുവരും കൂട്ടുനിന്നെന്നും റിമാന്ഡ് റിപ്പോര്ട്ടിലുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിക്കും പങ്കജ് ബണ്ഡാരിക്കും പണമുണ്ടാക്കാന് അവസരം ഒരുക്കി. 2019ലെ അപഹരണം മറക്കാനാണ് 2025 വീണ്ടും സ്വര്ണം പൂശല് നടത്തിയതെന്ന് എസ്ഐടി കോടതിയില് സമര്പ്പിച്ച റിപ്പോര്ട്ടില് പറയുന്നു. സ്മാര്ട്ട് ക്രിയേഷന്സില് എത്തിച്ച 12 പാളികളില് നാലെണ്ണത്തില് നിന്ന് വീണ്ടും സ്വര്ണം വേര്തിരിച്ചെന്നും എസ്ഐടി കണ്ടെത്തലുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ള കേസില് ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ബോര്ഡ് അംഗം എ. അജികുമാറിനെയും കസ്റ്റഡിയില് വാങ്ങാൻ എസ്ഐടി ഇന്ന് അപേക്ഷ നൽകും. കൊല്ലം വിജിലന്സ് കോടതിയിലാണ് എസ്ഐടി ഇന്ന് കസ്റ്റഡി അപേക്ഷ സമര്പ്പിക്കുന്നത്. നിലവില് തിരുവനന്തപുരം സ്പെഷല് ജയിലിൽ റിമാന്ഡില് കഴിയുന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങുന്നത്.
2019 ലെ സ്വര്ണക്കൊള്ള മറച്ചുപിടിക്കാനാണ് 2025ല് പി.എസ്. പ്രശാന്ത് പ്രസിഡന്റായ ബോര്ഡ്, സ്വര്ണ പാളികള് ചെന്നൈയിലെ സ്മാര്ട്ട് ക്രിയേഷൻസിലേക്ക് കൊടുത്തുവിട്ടതെന്നാണ് എസ്ഐടിയുടെ പ്രധാന കണ്ടെത്തല്. അതേസമയം, കേസില് തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് പി.എസ്. പ്രശാന്ത് വിശദീകരണം നല്കിയിട്ടുണ്ട്. കസ്റ്റഡിയില് ലഭിക്കുന്ന മുറയ്ക്ക് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് കൂടുതല് വിവരങ്ങള് പുറത്തുകൊണ്ടുവരാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് നേരിട്ട് ഇടപെട്ടതായി എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. തിരുവാഭരണം കമ്മീഷണർ റെജിലാലിന്റെ റിപ്പോർട്ട് തള്ളിയാണ് പ്രശാന്ത് പാളികള് ചെന്നൈയിൽ കൊണ്ടുപോകാൻ നിര്ദേശിച്ചത്. സ്വര്ണം ഇളക്കി മാറ്റി വീണ്ടും പ്ലേറ്റ് ചെയ്യാനുള്ള സംവിധാനം സ്മാര്ട്ട് ക്രിയേഷൻസിനില്ലെന്ന് റജിലാല് റിപ്പോർട്ട് നൽകിയിരുന്നു. 2025 ജൂലൈ 30 നാണ് ദേവസ്വം സെക്രട്ടറിക്ക് റിപ്പോര്ട്ട് നല്കിയത്.
റെജിലാലിൽ സമ്മർദം ചെലുത്തി അനുകൂല തീരുമാനമെടുപ്പിച്ച് പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ പ്രശാന്ത് ദേവസ്വം സെക്രട്ടറിക്ക് കത്തുനൽകുകയും ബോർഡ് യോഗം ഇതിന് അനുമതി നൽകുകയും ചെയ്തു. ചെന്നൈയിലേക്ക് പാളികള് കൊണ്ടുപോകുന്നതിനായി വ്യാജ രേഖ തയാറാക്കിയെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്.
നിയമാനുസൃതമായ കരാറും അന്ന് ഉണ്ടായിരുന്നില്ല. പാളികള് ചെന്നൈയിൽ എത്തിച്ച ശേഷം ബെല്ലാരിയിൽനിന്നും 2025 ഓഗസ്റ്റ് എട്ടിന് പോറ്റി മുദ്രപത്രം വാങ്ങി. തുടര്ന്ന് ഓഗസ്റ്റ് പത്താം തീയതി പോറ്റിയും തിരുവാഭരണം കമ്മീഷണർ റജിലാലും ചേര്ന്ന് വ്യാജ കരാറിൽ ഒപ്പിട്ടു. ചെന്നൈയിലെത്തിച്ച 12 പാളികളിൽ നാലെണ്ണത്തിൽനിന്ന് സ്വർണം വേർതിരിച്ചെടുത്തു.
2019ലെ സ്വർണക്കൊള്ള മറച്ചുവയ്ക്കാനും സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിക്ക് ലാഭമുണ്ടാക്കാനുമാണ് ഗൂഢാലോചന നടന്നത്. 2020 മുതൽ 2025 വരെയുള്ള ബോർഡ് ജീവനക്കാരുടെ പങ്ക് വിശദമായി അന്വേഷിക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
Kerala
കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസിലെ സമഗ്ര അന്വേഷണ റിപ്പോര്ട്ട് എസ്ഐടി തലവന് എസ്. ശശിധരന് കോടതിയില് സമര്പ്പിച്ചു. ജസ്റ്റീസ് വി.രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്.
അന്വേഷണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാവില്ല. കേസിന്റെ ഗൗരവം പരിഗണിച്ച് ഉടന് അന്തിമ റിപ്പോര്ട്ട് സമര്പ്പിക്കണം. അന്വേഷണത്തിന് ഇനി സമയം നീട്ടി നല്കില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
നാഷണല് മെറ്റലര്ജിക്കല് ലബോറട്ടറിയില് നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ദ്വാരപാലക ശില്പങ്ങള് കഴിഞ്ഞവര്ഷം ചെന്നൈയിലെത്തിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോള് അന്വേഷിക്കുന്നത്. വിഗ്രഹങ്ങള് മാറ്റിയതിന് പിന്നില് വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പ്രതികള് തമ്മിലുള്ള ആശയവിനിമയവും ദേവസ്വം ബോര്ഡിന്റെ അന്നത്തെ തീരുമാനങ്ങളും നല്കുന്ന സൂചനയെന്നും നേരത്ത് എസ്ഐടിയുടെ റിപ്പോര്ട്ടിലുണ്ടായിരുന്നു.
സ്വര്ണം പൂശാനായി ശില്പങ്ങള് ചെന്നൈയിലേക്ക് കൊണ്ടുപോയതില് ബോര്ഡിലെ ഉന്നത ഉദ്യോഗസ്ഥര്ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇന്ന് കേസ് പരിഗണിക്കുമ്പോള് 025ല് സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങള് സ്വര്ണം പൂശാന് കൊണ്ടുപോയതില് പ്രതികളുടെ പങ്കും ഉദ്യോഗസ്ഥരുടെ വീഴ്ചയും വ്യക്തമാക്കുന്ന സമഗ്ര റിപ്പോര്ട്ട് സമര്പ്പിക്കണമെന്നും കോടതി നിര്ദേശിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ്കുമാറിന്റെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം മന്ത്രി കെ. മുരളീധരൻ കത്തു നൽകി. നേരത്തെയുണ്ടായിരുന്ന പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡിലും സന്തോഷ്കുമാർ അംഗമായിരുന്നു.
ശബരിമല ദ്വാരകപാലക ശിൽപം വീണ്ടും സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത ദേവസ്വം ബോർഡ് യോഗത്തിൽ സന്തോഷ്കുമാറും പങ്കെടുത്തിരുന്നു. ശബരിമല കട്ടിളപ്പാളി സ്വർണം പൂശുന്നതുമായ ബന്ധപ്പെട്ട ആരോപണത്തിൽ പി.എസ്. പ്രശാന്തിന്റെ പങ്ക് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് അംഗമായിരുന്ന സന്തോഷിന്റെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലയിൽ നിന്നുള്ള കോണ്ഗ്രസ് നേതാവ്, ദേവസ്വം മന്ത്രിക്കു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്തോഷ്കുമാറിന്റെ പങ്കും വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ദേവസ്വം മന്ത്രി, എസ്ഐടി തലവൻ എഡിജിപി എച്ച്. വെങ്കിടേഷിനു കത്തു നൽകിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 2025ൽ നടന്ന ഗൂഢാലോചനയിൽ പുതിയ കേസെടുത്ത് അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘത്തിന്റെ ആലോചന.
2025ലെ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ടു നടന്ന ഗൂഢാലോചനയിലാണ് പുതിയ കേസെടുത്ത് അന്വേഷണം നടത്തുന്നത് ആലോചിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ്കുമാറിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ദേവസ്വം മന്ത്രി കെ. മുരളീധരൻ തന്നെ എസ്ഐടി തലവൻ എഡിജിപി എച്ച്. വെങ്കിടേഷിനു കത്തു നൽകിയിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം അനിശ്ചിതമായി നീട്ടുന്നതിൽ ഹൈക്കോടതിയും കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായിരുന്ന അജികുമാർ, പി.ഡി. സന്തോഷ്കുമാർ, തിരുവാഭരണം കമ്മീഷണർ രജിലാൽ, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരുടെ അടക്കമുള്ള പങ്ക് അന്വേഷിക്കുന്നത് ആലോചിക്കുന്നത്.
ദ്വാരപാലകശിൽപത്തിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് 2025ൽ ഗൂഢാലോചന നടന്നെന്നും പാളികൾ കൈമാറിയതിൽ ദുരൂഹതയുണ്ടെന്നുമാണ് എസ്ഐടിയുടെ വിലയിരുത്തൽ. ഹൈക്കോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് ആലോചന.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി. അന്തിമ റിപ്പോർട്ട് എന്ന് നൽകുമെന്ന് ഈ മാസം 29നകം അറിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകി.
അന്വേഷണം പൂർത്തിയാക്കാൻ ആവശ്യത്തിലധികം സാവകാശം ഇതിനകം തന്നെ നൽകിയിട്ടുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പ്രത്യേക സംഘത്തിന് ഇനി കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
2025 ൽ പി.എസ്.പ്രശാന്ത് പ്രസിഡന്റായ കാലത്ത് ദ്വാരപാലക പാളികൾ സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയ കാര്യങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. അതേസമയം അന്വേഷണ പുരോഗഗതി റിപ്പോർട്ട് എസ്ഐടി കോടതിക്ക് കൈമാറി.
പാളികൾ അഴിച്ചെടുത്ത് കൊണ്ടുപോയതിൽ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരടക്കം ആർക്കൊക്കെ വീഴ്ചപറ്റിയെന്ന് അ്ന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. അന്തിമ കുറ്റപത്രം അടുത്ത മാസം പകുതിയോടെ സമർപ്പിക്കുമെന്നും സൂചനയുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ളയില് ദ്വാരപാലക ശില്പങ്ങള് കടത്തിയ കേസില് തുടരന്വേഷണം നടത്താന് എസ്ഐടി തീരുമാനം. ദ്വാരപാലകശില്പ്പപാളികളില് നിന്നും വീണ്ടും സാംപിള് ശേഖരിക്കും.
ഹൈക്കോടതിയുടെ നിര്ദേശാനുസരണമാണ് സാംപിള് ശേഖരിക്കുന്നത്. ഈ മാസം നടതുറക്കുമ്പോള് സാംപിളുകള് ശേഖരിക്കും. പി.എസ്. പ്രശാന്ത് ദേവസ്വം ബോര്ഡ് പ്രസിഡന്റായിരിക്കെ 2025ലാണ് ദ്വാരപാലകശില്പ്പ പാളികള് ചെന്നൈയിലേക്ക് കൊണ്ട് പോയത്. ഈ കേസില് നേരത്തെ പ്രശാന്തിനെ ചോദ്യം ചെയ്തിരുന്നു.
സാംപിളുകള് വീണ്ടും ശേഖരിച്ച ശേഷം പ്രശാന്തിനെ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ശബരിമല സ്വര്ണക്കൊള്ളയുമായി രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര് ചെയ്തത്.
ആദ്യ കേസിലാണ് ഉണ്ണിക്കൃഷ്ണന് പോറ്റി, മുന് ദേവസ്വം ബോര്ഡ് പ്രസിഡന്റുമാരായിരുന്ന എ. പത്മകുമാര്, എന്. വാസു, ദേവസ്വം ബോര്ഡ് മെമ്പര് കെ.പി. ശങ്കര്ദാസ്, ദേവസ്വം ഓഫീസറായിരുന്ന മുരാരിബാബു ഉള്പ്പെടെയുള്ളവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില് പോലീസ് അറസ്റ്റ് ചെയ്ത എല്ലാവരും സ്വാഭാവിക ജാമ്യത്തില് ഇറങ്ങിയിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ള കേസില് മുന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബോര്ഡംഗം അജികുമാര് ഉള്പ്പെടെയുള്ള ദേവസ്വം ഭാരവാഹികളുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. 2025 ല് ശബരിമലയില് നിന്നു പാളികള് ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തിലാണ് നിലവില് അന്വേഷണം നടത്തുന്നത്.
കോടതിയുടെ അനുമതിയില്ലാതെയായിരുന്നു അന്ന് സ്വര്ണപ്പാളികള് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഈ സംഭവം വിവാദമായതിനു പിന്നാലെയാണ് ശബരിമലയില് നിന്നു നേരത്തെ കടത്തിയ സ്വര്ണക്കൊള്ള പുറത്തുവന്നത്.
ശബരിമല സ്വര്ണക്കൊള്ളക്കേസില് മുന് ദേവസ്വം ബോര്ഡ് പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന എ. പത്മകുമാര്, ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന വാസു, ദേവസ്വം ഉദ്യോഗസ്ഥന് മുരാരി ബാബു, ദേവസ്വം ബോര്ഡ് അംഗം കെ.പി.ശങ്കര്ദാസ് ഉള്പ്പെടെയുള്ളവരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല് കുറ്റപത്രം നല്കാത്തതിനാല് എല്ലാവര്ക്കും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ശബരിമല സ്വര്ണക്കൊള്ളകേസിന്റെ അന്വേഷണം നിലച്ചിരുന്നു. 2025ലെ സ്വര്ണക്കൊള്ളയിലാണ് ഇപ്പോള് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
Kerala
കൊല്ലം: ശബരിമല സ്വര്ണക്കൊള്ള കേസില് ജയിലില് കഴിയുന്ന അവസാന പ്രതിയും പുറത്ത്. റിമാന്ഡില് കഴിഞ്ഞിരുന്ന ദേവസ്വം ബോര്ഡ് മുന് അംഗം കെ.പി. ശങ്കരദാസിനു കൊല്ലം വിജിലന്സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു.
ഇന്നലെ വൈകുന്നേരത്തോടെ ജയില് മോചിതനായി. അറസ്റ്റിലായി 90 ദിവസം പൂര്ത്തിയായ സാഹചര്യത്തിലാണ് കെ.പി. ശങ്കരദാസ് കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും സ്വാഭാവിക ജാമ്യം തേടിയത്.
2026 ജനുവരിയിലാണ് എസ്ഐടി സംഘം ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്. ആരോഗ്യാവസ്ഥ ചൂണ്ടി കാണിച്ച് നേരത്തെ നടത്തിയ ജാമ്യ നീക്കം കോടതി തള്ളിയിരുന്നു. തുടര്ന്നാണ് റിമാന്ഡ് കാലാവധി 90 ദിവസം പൂര്ത്തിയായതിനു പിന്നാലെ സ്വാഭാവിക ജാമ്യത്തിന് അപേക്ഷ സമര്പ്പിച്ചത്.
ശബരിമല സ്വര്ണ കേസില് 13 പ്രതികളില് 12 പേരെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. അതില് ഒമ്പതുപേര്ക്കു സ്വഭാവിക ജാമ്യവും രണ്ടു പേര്ക്ക് റിമാന്ഡ് കാലയളവില് തന്നെ ജാമ്യവും ലഭിച്ചു. റിമാന്ഡ് 90 ദിവസം പൂര്ത്തിയായി സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിക്കപ്പെട്ടത്.
ഇതോടെ 12 പ്രതികളുള്ള സ്വര്ണക്കൊള്ള കേസില് കുറ്റപത്രം സമര്പിക്കാന് കഴിയാതിരുന്നതോടെ എല്ലാവരും ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാംപ്രതി ഉണ്ണികൃഷ്ണന് പോറ്റി, മുന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് മുരാരി ബാബു, മുന് എക്സിക്യൂട്ടീവ് ഓഫീസര് ഡി.സുധീഷ് കുമാര്, മുന് പ്രസിഡന്റും കമ്മീഷണറുമായ എന്. വാസു, മുന് എക്സിക്യൂട്ടീവ് ഓഫീസര് എസ്. ശ്രീകുമാര്, മുന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പത്മകുമാര്, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്ധന്, ചെന്നൈ സ്മാര്ട്ട് ക്രിയേഷന്സ് ഉടമ പങ്കജ് ഭണ്ഡാരി, ദേവസ്വം ബോര്ഡ് അംഗം എന്. വിജയകുമാര് എന്നിവര്ക്ക് സ്വാഭാവിക ജാമ്യവും തന്ത്രി കണ്ഠര് രാജീവര്, മുന് തിരുവാഭരണം കമ്മീഷണര് കെ.എസ്. ബൈജു എന്നിവര്ക്ക് സാധാരണ ജാമ്യവുമാണ് കോടതി അനുവദിച്ചത്.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന്റെ സ്വാഭാവിക ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. എസ്ഐടി കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെയാണ് ശങ്കരദാസ് കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും സ്വാഭാവിക ജാമ്യം തേടിയത്.
ഈ ജനുവരിയിലാണ് എസ്ഐടി സംഘം ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും ശങ്കരദാസ് പ്രതിയാണ്. ആരോഗ്യാവസ്ഥ ചൂണ്ടി കാണിച്ച് നേരത്തെ നടത്തിയ ജാമ്യ നീക്കം കോടതി തള്ളിയിരുന്നു. തുടർന്നാണ് റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതിന് പിന്നാലെ സ്വാഭാവിക ജാമ്യത്തിന് അപേക്ഷ സമർപ്പിച്ചത്.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാർ, തന്ത്രി കണ്ഠര് രാജീവര് തുടങ്ങി മറ്റ് പ്രതികൾ എല്ലാം നേരത്തെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. എസ്ഐടി ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണം.
Kerala
കണ്ണൂർ: ശബരിമലയിലെ സ്വർണം കട്ടത് ആരപ്പായെന്നു രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഉന്നയിച്ച ചോദ്യത്തിനു മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയനു മുന്നോട്ടു പോകാനാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
കണ്ണൂരിൽ രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിൽ ഏറ്റവും വലിയ കൊള്ള നടത്തിയത് ആരാണെന്ന ചോദ്യത്തിന്റെ ഉത്തരമാണ് മുഖ്യമന്ത്രി.
പിഎസ്സി പരീക്ഷകളിൽ ഒന്നാം റാങ്ക് ലഭിച്ചവർക്ക് പോലും സർക്കാർ ജോലി ലഭിക്കാത്ത സംസ്ഥാനമായി കേരളത്തെ സിപിഎം മാറ്റി.
സിപിഎമ്മിന്റെ മൂല്യച്യുതിയാണ് ജീവിതം മുഴുവൻ പാർട്ടിക്കു വേണ്ടി ഉഴിഞ്ഞുവച്ചിരുന്ന വി. കുഞ്ഞികൃഷ്ണനെയും ടി.കെ. ഗോവിന്ദനെയും പാർട്ടി വിടാൻ പ്രേരിപ്പിച്ചതും അവരെ ഇന്ന് യുഡിഎഫിന്റെ വേദിയിലെത്തിച്ചതും. ഇവർ യഥാർഥ കമ്യൂണിസ്റ്റുകളാണ്.
സിപിഎം ഇപ്പോൾ യഥാർഥ കമ്യൂണിസ്റ്റുകളില്ലാത്ത പാർട്ടിയാണ്.രാഹുൽ ഗാന്ധിയുടേത് കമ്യൂണിസ്റ്റ് മനസാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സ്വർണ വ്യാപാരി ബെല്ലാരി ഗോവർധന്റെ ജാമ്യഹർജി തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യഹർജി തള്ളിയത്.
ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ സ്വർണം ശബരിമലയിലേതാണെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു പ്രതിഭാഗം വാദം. 2025 ഡിസംബർ 19-നാണ് ഗോവർധൻ അറസ്റ്റിലായത്.
അതേ സമയം, സ്വര്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്നും സ്വർണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് കൊട്ടാരത്തിൽ പരിശോധന നടത്തി. കൊട്ടാരത്തിലെ ജീവനക്കാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ തേടി.
രണ്ട് കോടി രൂപയിൽപരം മൂല്യം വരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഗൗരി ലക്ഷ്മി ഭായിയുടെ മുറിയിലെ ലോക്കറിൽ സൂക്ഷിച്ച 12 ഇനം ആഭരണങ്ങളാണിത്. കൊട്ടാരത്തിലെ രണ്ടാംനിലയിൽ തെക്കുഭാഗത്തെ മുറിയിൽ നിന്നാണ് ഇവ നഷ്ടപ്പെട്ടത്.
മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ കൈവശപ്പെടുത്തിയാണ് മോഷണം നടത്തിയതെന്നാണ് അനുമാനം. കൊട്ടാരത്തിലെ ജീവനക്കാരിൽ നിന്നും പോലീസ് തിങ്കളാഴ്ച മൊഴി രേഖപ്പെടുത്തിയിരുന്നു.
വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ മോഷ്ടാവി വിനെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. കൊട്ടാരവുമായി ബന്ധം ഉള്ളവരായിരിക്കും മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. പേരൂർക്കട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
National
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ പങ്കജ് ഭണ്ഡാരിയുടെ അപ്പീൽ ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസിൽ പ്രതിയാക്കിയതിനെതിരെയും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ അപ്പീൽ.
ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞതവണ കേസ് പരിഗണിക്കുന്നതിനിടെ ബാക്കി എന്തെങ്കിലും സ്വർണം ശബരിമലയിൽ അവശേഷിക്കുന്നുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു.
കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നുമാണ് പങ്കജ് ഭണ്ഡാരി കോടതിയെ അറിയിച്ചത്.
Kerala
തിരുവനന്തപുരം: കവടിയാർ കൊട്ടരത്തിൽ നിന്ന് അമൂല്യ രത്നങ്ങളടക്കം ആഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ്.
ആഭരണങ്ങൾ മോഷണം പോയെന്ന് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ പ്രതികരിക്കാനില്ലെന്നാണ് വ്യക്തമാക്കിയത്. പിച്ചിപ്പൂ മൊട്ട് സ്വർണ പാദസരവും നാഗപട കമ്മലും മാലയും അടക്കം 12 ഇനം ആഭരണങ്ങളാണ് മോഷണം പോയതെന്ന് എഫ്ഐആറിൽ പറയുന്നു.
രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ആദ്യ ഘട്ടത്തിൽ കൊട്ടാരത്തിനുള്ളിൽ തന്നെ അന്വേഷണം നടന്നിട്ടുണ്ട്. പിന്നിലാരെന്ന് സംബന്ധിച്ച് കുടുംബത്തിന് ചിലരെ സംശയമുണ്ടെന്നാണ് സൂചന. പിന്നാലെയാണ് നിയമ സഹായം തേടിയത്. കൊട്ടാരവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെയും സന്ദർശകരുടെയും ഉൾപ്പെടെ മൊഴി രേഖപ്പെടുത്തും.
എഫ്ഐആറിലെ വിവരങ്ങൾ
ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ മുത്തും ഇടകലർന്ന സ്വർണ ചെയിൻ, പിച്ചിപ്പൂ മൊട്ട് ഡിസൈനിൽ ഉള്ള സ്വർണ പാദസരം, കറുത്ത മുത്തും സ്വർണ മുത്തും ഇടകലർന്ന പാദസരം, വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകൾ, വീതി കുറഞ്ഞ രണ്ട് സ്വർണ പിരിവള, കുഞ്ച ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലും തൂക്കും, പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ്ണ പിരിച്ചെയിനും, സ്വർണ കുഴിമിന്നുമാല, പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും, സ്വർണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും, റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള രണ്ട് ഒഴുക്കൻ വള, പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും, അഞ്ച് കുതിരപ്പവൻ നാണയങ്ങൾ എന്നിവ ഉൾപ്പെടെ രണ്ട് കോടിയോളം രൂപ വില വരുന്ന ആഭരണങ്ങൾ മോഷണം പോയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
2025 നവംബർ മാസത്തിൽ ബംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസിലായതോടെ മോഷണമാണെന്ന സംശയത്തിൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. സ്വര്ണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ഹര്ജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. കോടതി മേൽനോട്ടത്തിലാണ് ഇപ്പോള് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി യഥാര്ഥ ശാസ്ത്രീയ പരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. ഉന്നത നിലവാരമുള്ള ലാബുകളിലാണ് പരിശോധന നടക്കുന്നത്. ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് കേസ് അന്വേഷണം നടത്തുന്നതെന്നും കോടതി നിരീക്ഷിച്ചു.
പ്രതികളുടെ ജാമ്യം പരിഗണിച്ച കോടതി എന്തെങ്കിലും പറഞ്ഞു എന്നതുകൊണ്ട് അന്വേഷണത്തിൽ ഇടപെടാൻ ആകില്ലെന്നും പൊതുധാരണകളല്ല കോടതിയുടെ പരിഗണനയിലുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി. യഥാർഥ കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. വിജയകുമാർ സമർപ്പിച്ച രണ്ട് ജാമ്യഹർജികളും കോടതി തള്ളി.
ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ നിർദേശ പ്രകാരമാണ് രേഖകളിൽ ഒപ്പിട്ടതെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു വിജയകുമാറിന്റെ മൊഴി.
കട്ടിളപാളി കേസിലും ദ്വാരപാലക ശിൽപ പാളി കേസിലും വിജയകുമാർ പ്രതിയാണ്. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ആരോഗ്യ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് രണ്ട് കേസുകളിലും ജാമ്യഹർജി സമർപ്പിച്ചത്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെ ഹാജരാകാനാണ് പറഞ്ഞിരുന്നതെങ്കിലും ഉച്ചയ്ക്ക് ഒന്നിനുശേഷമാണ് തന്ത്രി കൊച്ചിയിലെ ഇഡി ഓഫീസില് എത്തിയത്. എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രിക്ക് 41-ാം ദിവസമായിരുന്നു ജാമ്യം ലഭിച്ചത്.
ഗൂഢാലോചന തെളിയിക്കാന് പ്രോസിക്യൂഷന് സാധിക്കാതെ വന്നതോടെയാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. ക്ഷേത്രത്തിലെ സ്വര്ണപ്പാളികള് പുറത്തേക്ക് കൊണ്ടുപോകാന് ഒത്താശ ചെയ്ത് ആചാരലംഘനത്തിനു കൂട്ടുനിന്നെന്നും തട്ടിപ്പിനു മൗനാനുവാദം നല്കി ഗൂഢാലോചനയില് പങ്കാളിയായെന്നുമാണ് റിമാന്ഡ് റിപ്പോര്ട്ടില് പറഞ്ഞിരുന്നത്.
എന്നാല് ഗൂഢാലോചന നടന്നതിനു തെളിവുകള് ഹാജരാക്കാന് പ്രോസിക്യൂഷനു സാധിച്ചില്ല. സ്വകാര്യ സ്ഥാപനത്തില് തന്ത്രിക്ക് കോടികളുടെ നിക്ഷേപം ഉണ്ടെന്നായിരുന്നു എസ്ഐടി പറഞ്ഞിരുന്നത്. എന്നാല് പണം കൈമാറിയതിനു തെളിവുകള് ഹാജരാക്കാന് സാധിച്ചില്ല.
തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചു എന്നു പറഞ്ഞിരുന്ന നെടുംപറമ്പില് ഫിനാന്സ് ഉടമ എന്.എം രാജുവിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. കേസില് നടന് ജയറാമിനെയും ഇഡി ചോദ്യം ചെയ്തിരുന്നു.
ചൊവ്വാഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. വാസുവിനെ കൊച്ചിയിലെ സോണൽ ഓഫീസിലാണ് ചോദ്യം ചെയ്തത്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണായക നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
Kerala
കൊച്ചി: ശബരിമല സ്വർണക്കേസിൽ ചോദ്യം ഇഡിക്ക് മുന്നിൽ ചെയ്യലിന് ഹാജരായി ദേവസ്വം ബോർഡ് മുൻ കമ്മീഷണറും മുൻ പ്രസിഡന്റുമായ എൻ. വാസു. കൊച്ചിയിലെ ഇഡി സോണൽ ഓഫീസിലാണ് എൻ. വാസു എത്തിയത്.
നേരത്തെ, കേസിൽ മൂന്നാം പ്രതിയായിരുന്നു വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തിരുന്നു.
കമ്മീഷണറായിരുന്ന കാലയളവിൽ ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിനെയും എസ്ഐടി അറസ്റ്റ് ചെയ്തത്. കേസിൽ കൊല്ലം വിജിലൻസ് കോടതിയാണ് വാസുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
ഇതിനു പിന്നാലെയാണ് മാർച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻ. വാസുവിനും തന്ത്രിക്കും ഉൾപ്പടെ ഇഡി നോട്ടീസ് നൽകിയിരുന്നു. കേസിൽ 28പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ചേർത്തിരിക്കുന്നത്.
Kerala
കൊല്ലം: മാലമോഷണക്കേസിൽ ഭാര്യ അറസ്റ്റിലായതിനു പിന്നാലെ ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. കൊല്ലം അഞ്ചലിൽ നടന്ന സംഭവത്തിൽ അഞ്ചൽ പടിഞ്ഞാറ്റിൻകര സ്വദേശിയായ റഫീഖാണ് (35) വീടിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മോഷണക്കേസിൽ റഫീഖിന്റെ ഭാര്യ സബീന അറസ്റ്റിലായിരുന്നു. നിലവിൽ ഇവർ റിമാൻഡിലാണ്. തീ പടരുന്നതു കണ്ട നാട്ടുകാരാണ് അഞ്ചൽ പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസെത്തി സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
റഫീഖിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ 16 നാണ് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കുറ്റത്തിനു പോലീസ് അറസ്റ്റു ചെയ്തത്. അഞ്ചലിൽ നിന്നും കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യബസിൽ യാത്ര ചെയ്ത കുഞ്ഞിന്റെ സ്വർണ കൊലുസ് സബീന കവർന്നിരുന്നു.
ഇതിനുമുമ്പും മോഷണക്കേസിൽ സബീന അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞവർഷം അഞ്ചലിലെ ക്ഷേത്ര ഉത്സവത്തിനിടെ കുഞ്ഞിന്റെ മാല മോഷ്ടിച്ച സബീനയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്റെ അറസ്റ്റിന് പിന്നിൽ സർക്കാരിന്റെ പ്രതികാരമാണെന്ന് തന്ത്രി കണ്ഠര് രാജീവര്. യുവതീ പ്രവേശനത്തെ എതിർത്തതാണ് അറസ്റ്റിന് പിന്നിലെ കാരണമെന്നും തന്ത്രി പറഞ്ഞു. കോടതിയുടെ ജാമ്യ ഉത്തരവിലാണ് തന്ത്രിയുടെ വാദങ്ങൾ. കഴിഞ്ഞ ദിവസമാണ് ജാമ്യ ഉത്തരവിലെ വിശദാംശങ്ങൾ പുറത്തുവന്നത്.
തന്ത്രിയുടെ ജാമ്യ ഉത്തരവ് പുറത്തുവന്നപ്പോഴുള്ള തന്ത്രി കണ്ഠര് രാജീവരുടെ വാദങ്ങൾ സർക്കാരിനെ കുരുക്കുകയാണ്."യുവതീ പ്രവേശന സമയത്ത് ആചാര ലംഘനം പാടില്ലെന്ന നിലപാട് എടുക്കുകയും അതിനെ എതിർക്കുകയും ചെയ്തതാണ് അറസ്റ്റിന് പിന്നിലെ കാരണം. സന്നിധാനത്ത് ഉണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് തന്നോട് പ്രതികാരമാണ്.'-തന്ത്രി വ്യക്തമാക്കി.
ഭരണ കക്ഷിയിലെ ഉന്നതർക്കും തന്നോട് രോഷമാണ്. ഭരണ കക്ഷി നേതാക്കൾക്കൊപ്പം തന്ത്രിക്കും സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്ന് വരുത്താൻ കഥ മെനയുകയാണ് ചെയ്തതെന്നുമാണ് ജാമ്യ ഹർജിയിലെ തന്ത്രിയുടെ വാദങ്ങൾ.
കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും തന്ത്രിക്ക് ജാമ്യം ലഭിച്ചിരുന്നു. സ്വാഭാവിക ജാമ്യമല്ല തന്ത്രിക്ക് ലഭിച്ചത്. ഇത് എസ്ഐടിക്ക് തിരിച്ചടിയായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രഥമദൃഷ്ടിയാൽ തന്ത്രിക്ക് ശബരിമല സ്വർണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവുകൾ ഇല്ലെന്നാണ് കോടതി വിലയിരുത്തൽ. തന്ത്രിയുടെ ആരോഗ്യസ്ഥിതിയും പരിഗണിച്ചുകൊണ്ടാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
Kerala
കൊല്ലം: ശബരിമല കട്ടിളപാളി കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കട്ടിളപ്പാളി കേസിൽ 90 ദിവസം റിമാൻഡ് പൂർത്തിയായതോടെയാണ് എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടി പത്മകുമാർ സ്വാഭാവിക ജാമ്യം തേടിയത്. സ്വാഭാവിക ജാമ്യം ലഭിച്ചെങ്കിലും ദ്വാരപാലക കേസിൽ റിമാൻഡ് തുടരുന്നതിനാൽ പത്മകുമാറിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല.
ദ്വാരപാലക കേസിലും 90 ദിവസത്തെ റിമാൻഡ് പൂർത്തിയാകുന്നതോടെ ജാമ്യ നീക്കം നടത്തും. ഇതുവരെ പുറത്തിറങ്ങിയ ആറ് പ്രതികളിൽ നാല് പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
Kerala
കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസിൽ മാര്ച്ച് 31നുള്ളിൽ അന്തിമ റിപ്പോര്ട്ട് സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ. സ്വര്ണപ്പാളി സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരിലെ ലാബിൽ നടക്കും.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഇക്കാര്യങ്ങള് വ്യക്തമാക്കുന്നത്. സ്വര്ണപ്പാളികളുടെ 36 സാമ്പിളുകളാണ് പരിശോധനയ്ക്കായി എസ്ഐടി ശേഖരിച്ചത്. സൗജന്യമായി പരിശോധന നടത്താമെന്ന് ലാബ് അറിയിച്ചതായും എസ്ഐടി കോടതിയിൽ വ്യക്തമാക്കി.
ജംഷഡ്പൂരിലെ നാഷണൽ മെറ്റലര്ജിക്കൽ ലബോറട്ടറിയിലായിരിക്കും വിശദമായ ശാസ്ത്രീയ പരിശോധന നടക്കുക. അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവിൽ എസ്ഐടിക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്.
കേസിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് ജാമ്യ ഉത്തരവിൽ പറയുന്നു. ഇതുകൂടാതെ രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നും ശ്രീകോവിലിന് പുറത്തുള്ള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും ജാമ്യ ഉത്തരവിൽ വ്യക്തമാക്കുന്നു. ബുധനാഴ്ചയാണ് തന്ത്രി ജാമ്യം നേടി ജയിൽ മോചിതനായത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവിൽ എസ്ഐടിക്ക് വൻ തിരിച്ചടി. കേസിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് ജാമ്യ ഉത്തരവിൽ പറയുന്നു.
ഇതുകൂടാതെ രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നും ശ്രീകോവിലിന് പുറത്തുള്ള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും ജാമ്യ ഉത്തരവിൽ വ്യക്തമാക്കുന്നു. ബുധനാഴ്ചയാണ് തന്ത്രി ജാമ്യം നേടി ജയിൽ മോചിതനായത്.
കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദങ്ങൾ തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ തന്ത്രിക്ക് ചുമതലയില്ലെന്നും ശില്പങ്ങളും പാളികളും സ്വർണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ലെന്നും ജാമ്യ ഉത്തരവിൽ പറയുന്നു.
ഇതിനുപുറമേ മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ലെന്നും കോടതി കണ്ടെത്തി. ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം വിജിലൻസ് കോടതിയാണ് തന്ത്രിക്ക് കേസിൽ ജാമ്യം അനുവദിച്ചത്.
Kerala
കൊല്ലം: ശബരിമലയിലെ വിവാദമായ കട്ടിളപ്പാളി അഴിമതിക്കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. കേസിൽ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പത്മകുമാർ സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
പ്രത്യേക അന്വേഷണ സംഘം നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതാണ് പത്മകുമാറിന് ജാമ്യത്തിന് വഴിതുറക്കുന്നത്. കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചാലും പത്മകുമാറിന് ഉടൻ പുറത്തിറങ്ങാൻ കഴിയില്ല. 'ദ്വാരപാലക ശിൽപ' നിർമാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കൂടി പ്രതിയായതിനാൽ അദ്ദേഹം ജയിലിൽ തന്നെ തുടരും. ദ്വാരപാലക കേസിലും 90 ദിവസത്തെ റിമാൻഡ് പൂർത്തിയാകുന്നതോടെ ജാമ്യത്തിനായി നീക്കം നടത്താനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
കേസിൽ ഇതുവരെ പുറത്തിറങ്ങിയ ആറ് പ്രതികളിൽ നാല് പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചിട്ടുള്ളത്. കേസിലെ മറ്റൊരു പ്രതിയും മുൻ ബോർഡ് അംഗവുമായ കെ.പി. ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികൾ ഈ മാസം 23-ന് കോടതി പരിഗണിക്കും. മോശം ആരോഗ്യനില ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ജാമ്യത്തിന് ശ്രമിക്കുന്നത്.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിൽ പതിപ്പിച്ചിരിക്കുന്ന സ്വർണപ്പാളികളുടെ ഗുണനിലവാരം പരിശോധിക്കാൻ ജംഷെഡ്പൂരിലെ ലാബിനെ ചുമതലപ്പെടുത്തിയ വിവരം പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും.
ശ്രീകോവിലിലെ സ്വർണപ്പാളികളിൽ നിന്ന് ശേഖരിച്ച സാംപിളുകൾ ജംഷെഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ പരിശോധിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ എസ്ഐടി ഇന്ന് കോടതിയിൽ നിലപാട് വ്യക്തമാക്കും. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക വിജിലൻസ് സംഘം രൂപീകരിച്ച വിവരം സർക്കാർ ഇന്ന് കോടതിയെ ധരിപ്പിക്കും.
കൊടിമര നിർമാണത്തിനായി ഉപയോഗിച്ച സ്വർണത്തിന്റെ കണക്കുകളിൽ വലിയ അന്തരമുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിൽ, 30 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി.
ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
പ്രതിയുടെ സാമ്പത്തിക സ്രോതസ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അനധികൃത ഇടപാടുകളെ കുറിച്ച് അറിയില്ലായിരുന്നെന്ന് ജയറാം. ചൊവ്വാഴ്ച ഇഡിക്ക് മുന്നിൽ ഹാജരായി ജയറാം മൊഴി നൽകിയിരുന്നു.
പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും ജയറാം ഇഡി ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ വ്യക്തമാക്കി. മൂന്നര മണിക്കൂറോളമാണ് ഇഡി ഉദ്യോഗസ്ഥർ കേസിൽ ജയറാമിന്റെ മൊഴിയെടുത്തത്.
തനിക്കറിയുന്നത് എല്ലാം ഉദ്യോഗസ്ഥരോട് പറഞ്ഞതായി ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടത്. വീട്ടിൽ നടത്തിയ പൂജയുമായി ബന്ധപ്പെട്ട് ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും ജയറാം അറിയിച്ചു.
പൂജ നടത്തിയവർക്ക് ചെറിയൊരു തുക ദക്ഷിണ മാത്രമാണ് താൻ നൽകിയതെന്നും ജയറാം മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽ നടത്തിയ പൂജയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ചിത്രങ്ങളും ജയറാം അന്വേഷണം ഉദ്യോഗസ്ഥർക്ക് കൈമാറി.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇഡിയുടെ കൊച്ചി സോണൽ ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. മൂന്നര മണിക്കൂറാണ് ഇഡി ജയറാമിനെ ചോദ്യം ചെയ്തത്.
തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ജയറാം പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ഇഡിയോട് പറഞ്ഞിട്ടുണ്ടെന്നും ജയറാം പറഞ്ഞു.
കഠിനമായ ചോദ്യം ചെയ്യൽ ഒന്നുമില്ലായിരുന്നു. സൗഹാർദ്ദപരമായാണ് ഇഡി ഉദ്യോഗസ്ഥർ പെരുമാറിയത്. രേഖകളൊന്നും ഹാജരാക്കനൊന്നും പറഞ്ഞിട്ടില്ലെന്നും ജയറാം പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസിൽ ഇതുവരെയുള്ള അന്വേഷണ വിശദാംശങ്ങൾ പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ഹൈക്കോടതി സ്വമേധയ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കുമ്പോഴാണ് എസ്ഐടി റിപ്പോർട്ട് സമർപ്പിക്കുക.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് എംപി എന്നിവരെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയാണ് പ്രത്യേക അന്വേഷണ സംഘം കോടതിക്ക് കൈമാറുക. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങള്.
ശബരിമല ശ്രീകോവിലിന് മുന്നിലെ സ്വർണപ്പാളികൾ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികൾ മാറ്റിയോ എന്നതിലും എസ്ഐടി ഇന്ന് വ്യക്തത വരുത്തും. ഇതുസംബന്ധിച്ച് വിഎസ്എസ്സിയിലെ വിദഗ്ധരെ കണ്ട് വിശദമായ റിപ്പോർട്ട് എസ്ഐടി തയാറാക്കിയിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോർട്ട് വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്, കെ.വി. ജയകുമാര് എന്നിവരുടെ ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി നേരത്തെ തൃപ്തി അറിയിച്ചിരുന്നു. അതേസമയം എൻ. വാസു കേസിൽ സ്വാഭാവിക ജാമ്യം തേടി ഇന്ന് കോടതിയെ സമീപിച്ചേക്കും. റിമാൻഡിൽ തുടരുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിലും കോടതി ഇന്ന് വാദം കേൾക്കും.
Kerala
തിരുവനന്തപുരം: ശബരിമലയിൽനിന്നു കടത്തിക്കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കം കണ്ടെത്താൻ മൂന്നാമതും ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണസംഘം. വിഎസ്എസ്സി രണ്ടു ഘട്ടങ്ങളിലായി സാന്പിൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തിയെങ്കിലും കട്ടിളപ്പാളി പൊതിയുന്ന ചെന്പുപാളികളുടെ കാലപ്പഴക്കം നിർണയിക്കുന്നതിൽ കൃത്യമായ പരിശോധനാഫലം ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനിച്ചത്.
ദ്വാരപാലക ശില്പത്തിലും കട്ടിളപ്പാളിയിലും പൊതിഞ്ഞ സ്വർണത്തിന്റെ അളവിൽ വൻതോതിൽ തട്ടിപ്പു നടത്തിയതായി വിഎസ്എസ്സിയുടെ രണ്ടാം പരിശോധനാ ഫലത്തിൽ വ്യക്തമായിട്ടുണ്ടെന്നാണു വിവരം. ഉണ്ണിക്കൃഷ്ണൻ പോറ്റിയും സ്വർണം വേർതിരിച്ച സ്മാർട്ട് ക്രിയേഷൻസിലെ ഗോവർധനനും പറഞ്ഞതിൽനിന്നു വ്യത്യസ്തമായി ഇരട്ടിയോളം സ്വർണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 980 ഗ്രാം സ്വർണമാണ് വേർതിരിച്ചതെന്നായിരുന്നു ഇവരുടെ മൊഴി.
എന്നാൽ, ഇതിന്റെ ഇരട്ടിയോളം സ്വർണം ഇതിൽ ഉൾപ്പെടുമെന്നാണ് പരിശോധനാ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പരിശോധനാഫലം ഇന്നു ഹൈക്കോടതിയിൽ സമർപ്പിക്കും.
സ്വർണം പൊതിഞ്ഞ ചെന്പുപാളികൾ മൊത്തത്തിൽ കടത്തി പുതിയ പാളികൾ സ്ഥാപിക്കുകയായിരുന്നോ എന്നതിനും കൃത്യമായ മറുപടി ഇല്ല. രണ്ടു തവണ സാന്പിൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. സ്വർണക്കടത്തിന്റെ ആഴം പൂർണമായി കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ഫലം വരുന്പോൾ കഴിയുമെന്നായിരുന്നു എസ്ഐടി പറഞ്ഞിരുന്നത്.
എന്നാൽ, പൂർണമായ ഫലം ഇതുവരെ ലഭിക്കാത്തതാണ് കൂടുതൽ ശാസ്ത്രീയ പരിശോധനയുടെ ആവശ്യകതയെക്കുറിച്ച് എസ്ഐടി പറയുന്നത്. ഹൈക്കോടതിയുടെകൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. മെർക്കുറി ഉപയോഗിച്ചാണ് 1998ൽ വിജയ് മല്യ ശബരിമല ശ്രീകോവിലിൽ സ്വർണം പൊതിഞ്ഞത്.
എന്നാൽ, ചില പാളികളിൽ മെർക്കുറിയുടെ അംശംപോലുമില്ലാത്ത സാഹചര്യമുണ്ട്. ശബരിമലയിലെ സ്ട്രോംഗ് റൂമിലുണ്ടായിരുന്ന പഴയ വാതിലിൽനിന്നു സാന്പിൾ ശേഖരിച്ച് താരതമ്യ പരിശോധന നടത്തി. ഇതിലും ചെന്പുപാളികൾ പൂർണമായി മാറ്റിയോ എന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഒരിക്കൽകൂടി ശാസ്ത്രീയ പരിശോധന നടത്തുന്നത് സജീവമായി ആലോചിക്കുന്നത്.
Kerala
പന്തളം: വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 51. 5 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ പോലീസിന്റെ പിടിയിലായി. തമിഴ്നാട് തിരുനെൽവേലി തിരുക്കുറുകുടി സ്വദേശി ഇസക്കി രമേശ് (32), തമിഴ്നാട് നല്ലൻകുളം വള്ളിയൂർ സമാധാനപുരം സ്വദേശി ഗണേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.
ജനുവരി 29ന് പുലർച്ചെ 3.30 ഓടെയാണ് പന്തളം കൈപ്പുഴ ഭാഗത്തുള്ള വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത്. വീട്ടുടമയും കുടുംബവും വിദേശത്താണ്. ഗൃഹനാഥന്റെ മാതാവ് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അടൂർ ഡിവൈഎസ്പി ജി. സന്തോഷ്കുമാർ, കൊടുമൺ പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, പന്തളം പോലീസ് ഇൻസ്പെക്ടർ പ്രജീഷ് റ്റി.ഡി, സബ് ഇൻസ്പെക്ടർ യു. വി.വിഷ്ണു, ഡാൻസഫ് ടീം അംഗങ്ങളായ സുജിത്ത്, മിഥുൻ ജോസ്, ബിനു, ജിതിൻ, ഷെഫീക്ക്, ശ്രീരാജ്, വിമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞു ജില്ലയിലെ 500 ഓളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിച്ചാണ് പ്രതികളിലേക്ക് എത്തിയത്. കാമറിയിൽ സംശയാസ്പദമായി കണ്ട സ്വിഫ്റ്റ് കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ കാർ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തുകയും പ്രതികളിലേക്ക് എത്തുകയുമായിരുന്നു. പ്രതികൾ കർണാടകയിലും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.
പ്രതികൾക്ക് അന്തർ സംസ്ഥാന കവർച്ചാ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടോ ഉണ്ടോയെന്നും അന്വേഷണ സംഘം അന്വേഷിച്ചു വരികയാണ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില് പ്രത്യേക അന്വേഷണസംഘം ആന്റോ ആന്റണി എംപിയുടെ മൊഴി രേഖപ്പെടുത്തും. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം അറിയുന്നതിനാണ് ചോദ്യം ചെയ്യൽ.
സോണിയ ഗാന്ധിയുമായുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടിക്കാഴ്ചയിൽ ആന്റോ ആന്റണിയും ഒപ്പമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. കേസിൽ കടകംപള്ളി സുരേന്ദ്രനെയും വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
ശനിയാഴ്ച രാവിലെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ചോദ്യങ്ങൾക്കെല്ലാം ഉത്തരം നല്കിയെന്ന് അടൂർ പ്രകാശ് പ്രതികരിച്ചിരുന്നു.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്ന് അടൂർ പ്രകാശ് എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. എന്നാൽ വീട്ടിലും ബംഗുളൂരുവിലും പോറ്റിയെ കണ്ടിട്ടുണ്ടെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി.
കൂടിക്കാഴ്ചകൾ എല്ലാം പോറ്റി ക്ഷണിച്ചതുപ്രകാരം ആയിരുന്നെന്നും എന്നാൽ കണ്ട തീയതികൾ വ്യക്തമായി ഓർമയിൽ ഇല്ലെന്നും അടൂർ പ്രകാശ് മൊഴി നൽകി. ഡൽഹിയിൽ പോകാനും പോറ്റിയാണ് ക്ഷണിച്ചതെന്ന് എംപി പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം നേടിയ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് എസ്ഐടിക്ക് മുന്നിൽ ഹാജരാകും. ജാമ്യവ്യവസ്ഥ പ്രകാരമാണ് ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുക.
ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് ജാമ്യവ്യവസ്ഥ. 110 ദിവസത്തിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി വ്യാഴാഴ്ച ജയിൽ മോചിതനായത്. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ദ്വാരപാലക കേസിൽ നേരത്തെ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ജയിൽ മോചനം. 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്.
സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കം കർശന ഉപാധികളോടെയാണ് സ്വാഭാവിക ജാമ്യം. അതേസമയം തന്ത്രിയുടെ ജാമ്യഹർജി എതിർത്ത് കൊണ്ടുള്ള എസ്ഐടിയുടെ റിപ്പോർട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ നൽകും. തിങ്കളാഴ്ചയാണ് ഹർജിയിൽ വാദം കേൾക്കുക.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ വിചാരണ തടവിൽ തുടരുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് കണ്ഠര് രാജീവരുടെ ജാമ്യ ഹർജി പരിഗണിക്കുന്നത്.
കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും കണ്ഠര് രാജീവര് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും അചാരങ്ങൾ പാലിച്ച് മാത്രം പ്രവർത്തിച്ചയാളാണ് താനെന്നുമാണ് തന്ത്രിയുടെ വാദം.
എന്നാൽ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമാണുള്ളതെന്നും ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കുണ്ടെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ. ദ്വാരപാലക ശില്പ കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച പോറ്റി കട്ടിളപ്പാളി കേസിലും ജാമ്യഹർജി സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, കേസിൽ ഇതുവരെ മൂന്ന് പ്രതികളാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാർ എന്നിവർക്കാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളത്.
90 ദിവസം റിമാൻഡ് പൂർത്തിയായതിന് പിന്നാലെയാണ് മുരാരി ബാബുവിനും സുധീഷ് കുമാറിനും ജാമ്യം ലഭിച്ചത്. എസ്. ശ്രീകുമാറിന് 43ാം ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യം നേടുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില് പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ ജയിൽ മോചിതനായി. എസ്ഐടി കുറ്റപത്രം നൽകാത്തതിനെ തുടർന്ന് സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുൻ കമ്മീഷണർ എൻ. വാസുവിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി അവസാനിച്ചതോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിച്ചേക്കും. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം.
കട്ടിളപ്പാളി കേസിൽ 90 ദിവസം റിമാൻഡ് കാലാവധി പൂർത്തിയായതോടെ ഉണ്ണികൃഷ്ണൻ പോറ്റി സ്വാഭാവിക ജാമ്യം തേടിയത്. ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
അതേസമയം ദ്വാരപാലക ശില്പങ്ങളുടെ കേസിൽ തന്ത്രി കണ്ഠര് രാജീവര് ഇന്ന് ജാമ്യാപേക്ഷ നൽകും. ഞായറാഴ്ച നെഞ്ചുവേദനയെ തുടര്ന്ന് തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ഠര് രാജീവരെ ഇന്ന് ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും.
ചൊവ്വാഴ്ച കട്ടിളപ്പാളി കേസിലെ തന്ത്രിയുടെ ജാമ്യഹർജി കോടതി പരിഗണിക്കുന്നുണ്ട്. രണ്ട് കേസുകളിലെയും അപേക്ഷകൾ ഒരുമിച്ച് പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും. ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ സമർപ്പിച്ച ജാമ്യ ഹർജികളും ഇന്ന് പരിഗണിക്കും.
Kerala
മാന്നാർ: ചെന്നിത്തലയിലെ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി. 20 പവൻ സ്വർണം, 25 യുകെ പൗണ്ട്, പാസ്പോർട്ട്, ലാപ്ടോപ് എന്നിവയും വിലപിടിപ്പുള്ള ഉപകരണങ്ങളുമാണ് പ്രവാസിയുടെ വീട്ടിൽനിന്നു മോഷണം പോയത്. ചെന്നിത്തല പഞ്ചായത്ത് 5 ാം വാർഡിലെ വലിയ വീട്ടിൽ ഷാരോൺ വില്ലയിൽ ജോസിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്.
പ്രവാസിയായ ജോസും കുടുംബവും രണ്ടു മാസം മുൻപാണ് യുകെയിൽനിന്നു നാട്ടിലെത്തിയത്. വ്യാഴാഴ്ച ജോസും ഭാര്യ ഏലിയാമ്മയും ഏലിയാമ്മയുടെ തുമ്പമണിലെ വീട്ടിൽ പോയിരുന്നു. രാത്രി വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്.
വീട് നോക്കാൻ ഏൽപിച്ചിരുന്നയാൾ ഇന്നലെ രാവിലെ ലൈറ്റുകൾ അണയ്ക്കാൻ എത്തിയപ്പോൾ ഗേറ്റും കതകും തുറന്നുകിടക്കുന്നതായി കണ്ട് അടുത്തുള്ള ബന്ധുവിനെ വിവരം അറിയിച്ചു. മോഷണം നടന്നതായി സൂചന ലഭിച്ചതോടെ മാന്നാർ പൊലീസിൽ വിവരമറിയിച്ചു. എസ്എച്ച്ഒ: ഡി. രജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
അലമാര കുത്തിപ്പൊളിച്ചു
വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ അലമാര കുത്തിപ്പൊളിച്ച ശേഷം അതിനുള്ളിലെ ലോക്കർ തകർത്താണ് സ്വർണം കവർന്നത്. കൂടാതെ ലാപ്ടോപ് അടക്കം വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന ബാഗ്, 30,000 രൂപ മൂല്യം വരുന്ന 25 യുകെ പൗണ്ട് എന്നിവയും മോഷണം പോയതായി ജോസ് പോലീസിനു മൊഴി നൽകി. വീടിനുള്ളിലെ അലമാരകൾ എല്ലാം തുറന്നു സാധനങ്ങൾ മുറിയിൽ വാരി വലിച്ചിട്ട നിലയിൽ കിടക്കുകയായിരുന്നു.
ആലപ്പുഴയിൽനിന്നു ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി. വീടിനുളളിൽനിന്നു മണം പിടിച്ചിറങ്ങിയ പോലീസ് നായ റോഡിലിറങ്ങി ഒരു കിലോമീറ്ററോളം ഓടി മാന്നാർ മാവേലിക്കര സംസ്ഥാന പാതയിലെത്തി നിന്നു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
Kerala
കൊല്ലം: ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളില് നിന്ന് സ്വര്ണം മോഷ്ടിച്ചെന്ന കേസില് ആറാം പ്രതിയായ മുന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് എസ്. ശ്രീകുമാറിന് കോടതി ജാമ്യം അനുവദിച്ചു. കൊല്ലം എന്ക്വയറി കമ്മീഷണറും സ്പെഷ്യല് ജഡ്ജിയുമായ മോഹിത് സി.എസ് ആണ് വ്യാഴാഴ്ച ജാമ്യം നല്കിയത്.
ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക വിഗ്രഹങ്ങളില് സ്വര്ണ പാളികള്ക്ക് പകരം ചെമ്പ് പാളികളാണെന്ന് വ്യാജരേഖ ചമച്ച് സ്വര്ണ്ണം തട്ടിയെടുത്തു എന്നതാണ് കേസ്. 2025 ഡിസംബര് 17-ന് അറസ്റ്റിലായ ശ്രീകുമാര് അന്നുമുതല് ജുഡീഷ്യല് കസ്റ്റഡിയിലായിരുന്നു. വിഗ്രഹങ്ങളിലെ സ്വര്ണ പാളികള് നീക്കം ചെയ്ത് തമിഴ്നാട്ടിലെ സ്വകാര്യ സ്ഥാപനത്തിന് കൈമാറുന്നതിനായി തയ്യാറാക്കിയ മഹസറില് ഒപ്പുവെച്ചത് ശ്രീകുമാറാണെന്നായിരുന്നു പ്രോസിക്യൂഷന് ആരോപണം.
എന്നാൽ സ്വര്ണം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട മഹസറില് ഒപ്പിട്ടു എന്നതല്ലാതെ, ഗൂഢാലോചനയില് ശ്രീകുമാറിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കുന്ന കൂടുതല് തെളിവുകള് ഹാജരാക്കാന് അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
വിഗ്രഹങ്ങളിലെ പാളികള് നീക്കം ചെയ്യുന്നതിന് വെറും രണ്ട് ദിവസം മുമ്പ് മാത്രമാണ് ശ്രീകുമാര് ശബരിമലയില് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ചുമതലയേറ്റത്. തന്റെ മുന്ഗാമികള് തയ്യാറാക്കിയ രേഖയില് മേലുദ്യോഗസ്ഥരുടെ നിര്ദ്ദേശപ്രകാരമാണ് താന് ഒപ്പിട്ടതെന്ന പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് കോടതിയുടെ ജാമ്യം.
പ്രതിയുടെ കൈയക്ഷരവും ഒപ്പും പരിശോധനയ്ക്കായി ശേഖരിച്ചുകഴിഞ്ഞ സാഹചര്യത്തില് ഇദ്ദേഹത്തെ ഇനി കസ്റ്റഡിയില് പാര്പ്പിക്കേണ്ടതില്ലെന്ന് കോടതി വിലയിരുത്തി. ഗൂഢാലോചന, വിശ്വാസവഞ്ചന, രേഖകളില് തിരുത്തല് വരുത്തല് തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.
നേരത്തെ ഹൈക്കോടതി ഇദ്ദേഹത്തിന്റെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയിരുന്നു. കര്ശനമായ ഉപാധികളോടെയാണ് ഇപ്പോള് സ്പെഷ്യല് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ. എൻ.കെ. ഉണ്ണികൃഷ്ണനെയാണ് സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്.
കുറ്റപത്രം കാര്യക്ഷമമാക്കാൻ പ്രോസിക്യൂട്ടർമാരുടെ നിയമസഹായം വേണമെന്ന് എസ്ഐടി അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥ വീഴ്ച തെളിയിക്കാൻ കൂടുതൽ നിയമസഹായം വേണമെന്നും എസ്ഐടി ആവശ്യപ്പെട്ടിരുന്നു.
പ്രതിഭാഗത്ത് ഹാജരാകുന്നത് രണ്ടു മുൻ ഹൈക്കോടതി ജഡ്ജിമാരടക്കം പ്രമുഖരുടെ അഭിഭാഷക നിരയാണ്.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി കുറ്റപത്രം നൽകാത്തതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നു എന്ന് കോടതി ചോദിച്ചു.
ഗുരുതര സാഹചര്യമാണിത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ട് ഏറെക്കുറെ 90 ദിവസം ആകുന്നു. കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങൾക്ക് അന്വേഷണത്തിൽ സംശയം ഉണ്ടാകുമെന്നും കോടതി വിമർശിച്ചു.
ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ബദറുദ്ദീനാണ് രൂക്ഷ വിമർശനം നടത്തിയത്. അറസ്റ്റ് ചോദ്യംചെയ്ത് പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അറസ്റ്റ് അനിവാര്യമാണെന്നും പക്ഷേ അറസ്റ്റിനുള്ള കാരണങ്ങൾ സുപ്രീംകോടതി ഉത്തരവ് പ്രകാരം വ്യക്തമാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ റിമാൻഡ് നീട്ടി കോടതി. 14 ദിവസത്തേയ്ക്ക് കൂടിയാണ് നീട്ടിയത്.
കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. പത്മകുമാറിനെ ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാൻഡ് 90 ദിവസം പിന്നിട്ടാൽ ജാമ്യഹർജി സമർപ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം. അതിന് മുന്നോടിയായി പ്രാഥമിക കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടിയുടെ ശ്രമം.
കേസിൽ എ. പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. തന്ത്രിയുടെ അഭിപ്രായം അവഗണിച്ചാണ് പത്മകുമാർ പാളികൾ കൊടുത്തുവിട്ടതെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്.
ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനഃപൂർവമാണ്. പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി 'അനുവദിക്കുന്നു' എന്നും മിനുട്സിൽ സ്വന്തം കൈപ്പടയിൽ പത്മകുമാർ എഴുതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് പാളികൾ കൈമാറിയതെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. തന്ത്രി അനുമതി നൽകിയെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ, അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കും മുരാരി ബാബുവിനും ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കോടതിയുടെ നടപടി. കർശന ഉപാധികളോടെയാണ് മുരാരി ബാബുവിന് കോടതി സ്വാഭവിക ജാമ്യം അനുവദിച്ചത്.
Kerala
കോഴിക്കോട്: ശബരിമലയിലെ സ്വര്ണപ്പാളികൾ മോഷ്ടിക്കപ്പെട്ടെന്ന ആരോപണത്തില് സര്ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് യുവമോര്ച്ച. കോഴിക്കോട് കളക്ടറേറ്റിലേക്ക് യുവമോര്ച്ച പ്രവര്ത്തകര് നടത്തിയ മാര്ച്ച് സംഘര്ഷത്തില് കലാശിച്ചു. സ്വര്ണ്ണക്കൊള്ളയില് സമഗ്രമായ അന്വേഷണം വേണമെന്നും ദേവസ്വം മന്ത്രി വി.എന്. വാസവന് രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കളക്ടറേറ്റിന് മുന്നില് പോലീസ് തീര്ത്ത ബാരിക്കേഡുകള് മറികടക്കാന് പ്രവര്ത്തകര് ശ്രമിച്ചതോടെയാണ് സംഘര്ഷം ആരംഭിച്ചത്. പ്രവര്ത്തകരെ പിരിച്ചുവിടാന് പോലീസ് പലതവണ ജ ല പീരങ്കി ഉപയോഗിച്ചു.ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക വിഗ്രഹങ്ങളിലെയും ശ്രീകോവില് വാതിലിലെയും സ്വര്ണപ്പാളികളിൽ വലിയ തോതിലുള്ള കുറവുണ്ടായെന്ന ദേവസ്വം വിജിലന്സ് റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം.
ഭക്തരുടെ പണം കൊള്ളയടിക്കുന്ന സര്ക്കാര് നടപടി അംഗീകരിക്കാനാവില്ലെന്ന് യുവമോര്ച്ച നേതാക്കള് പറഞ്ഞു. വരും ദിവസങ്ങളില് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെയും യുവമോര്ച്ചയുടെയും തീരുമാനം.
Kerala
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ള ക്ഷേത്രപാരമ്പര്യത്തെ ദുർബലപ്പെടുത്തുന്നതാണെന്നും സംസ്ഥാന സർക്കാരാണ് അതിനുത്തരവാദിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിഷയത്തിൽ അന്വേഷണം ഉറപ്പാക്കുമെന്നും അത് മോദിയുടെ ഗ്യാരണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭഗവാന്റെ സ്വർണം കൊള്ളയടിച്ചതായും കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ സ്വർണക്കൊള്ള നടത്തിയ എല്ലാവരേയും ജയിലിലാക്കുമെന്നും മോദി പറഞ്ഞു.
കേരളത്തിൽ മാറ്റം അനിവാര്യമാണ്, എൽഡിഎഫും യുഡിഎഫും സംസ്ഥാനത്തെ നശിപ്പിച്ചുവെന്നും ബിജെപി അധികാരത്തിലെത്തിയാൽ എൽഡിഎഫ്, യുഡിഎഫ് അഴിമതി അവസാനിപ്പിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസിൽ റിമാൻഡിലായ മുൻ ദേവസ്വം ബോര്ഡ് അംഗം കെ.പി. ശങ്കരദാസിനെതിരെ ഹൈക്കോടതി. ശങ്കരദാസിന്റെ അസുഖത്തെ സംബന്ധിച്ച് മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ശങ്കരദാസിനെ ജയിലിൽ പാർപ്പിച്ച് ചികിത്സ തുടരാൻ ആകുമോ എന്നും പരിശോധിക്കണമെന്നും റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനുമാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നിലവില് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില് ചികിത്സയിലാണ് ശങ്കരദാസ്.
കഴിഞ്ഞ ബുധനാഴ്ചയാണ് ശങ്കരദാസ് അറസ്റ്റിലായത്. ശങ്കരദാസ് ചികിത്സയിലിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് എസ്ഐടി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
എസ്പി ശശിധരൻ ആശുപത്രിയിൽ നേരിട്ടെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ദ്വാരപാലക ശിൽപ കേസിലും കട്ടിളപാളി കേസിലും 11-ാം പ്രതിയാണ് ശങ്കരദാസ്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടുമൊരു കേസ്കൂടി രജിസ്റ്റർ ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം ആലോചിക്കുന്നു. ശബരിമല സ്വർണക്കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ടാകും കേസ്.
കൊടിമരം ചിതലരിച്ചതായും പുനഃപ്രതിഷ്ഠ നടത്തണമെന്നുമുള്ള തീരുമാനവുമായി ബന്ധപ്പെട്ടാണിത്. പുനഃപ്രതിഷ്ഠാ നടപടി തുടങ്ങിയപ്പോൾ കൊടിമരം കോണ്ക്രീറ്റിൽ തീർത്തതാണെന്നു കണ്ടെത്തിയതാണ് സംശയങ്ങൾക്കിടയാക്കിയത്.
കേസിൽ ആരെയൊക്കെ പ്രതിയാക്കണമെന്നു പരിശോധനകൾക്കു ശേഷമാകും പ്രത്യേക അന്വേഷണ സംഘം തീരുമാനിക്കുക. രണ്ടു പതിറ്റാണ്ടായുള്ള ശബരിമലയിലെ നടപടി അന്വേഷിക്കണമെന്ന ഹൈക്കോടതി നിർദേശം അടിസ്ഥാനമാക്കിയാണു കൊടിമര പുനഃപ്രതിഷ്ഠ സംബന്ധിച്ചും അന്വേഷിക്കാൻ ആലോചിക്കുന്നത്.
നേരത്തേ തടിയിൽ തീർത്ത കൊടിമരമായിരുന്നു. എന്നാൽ കോണ്ക്രീറ്റ് കൊടിമരം നിർമിച്ചതു സംബന്ധിച്ച രേഖകളൊന്നും ഇപ്പോൾ കണ്ടെത്താനാകാത്തതാണു പ്രത്യേക അന്വേഷണ സംഘത്തിൽ സംശയമുണ്ടാക്കിയത്.
കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചത് 2014 മുതലാണ്. അതിനാൽ 2014മുതലുള്ള നടപടി പരിശോധിക്കും. കോണ്ക്രീറ്റ് തൂണിൽ ചിതലരിച്ചതും പുനഃപ്രതിഷ്ഠയ്ക്കായി ഹൈദരാബാദിലെ സ്പോണ്സറെ കണ്ടെത്തിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ആദ്യ കേസിൽ മുഖ്യ സൂത്രധാരൻ ഉണ്ണികൃഷ്ണൻ പോറ്റിക്കു ജാമ്യം ലഭിക്കുന്ന സാഹചര്യത്തിൽ കുറ്റപത്രം വൈകാതെ സമർപ്പിക്കുന്നതും പരിഗണിക്കുന്നു.
അതേസമയം, സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വൈകാതെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണു പ്രത്യേക അന്വേഷണ സംഘം പറയുന്നത്.
Kerala
കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുരാരി ബാബുവിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന അവസാനിച്ചു. രാവിലെ ഏഴിന് ആരംഭിച്ച പരിശോധന 13 മണിക്കൂർ നീണ്ടുനിന്നു.
മുരാരി ബാബുവിന്റെ ആസ്തി വിവരങ്ങളുടെ രേഖകൾ, മുരാരിയുടെയും ഭാര്യയുടെയും മകന്റെയും ബാങ്ക് ഇടപാടുകളുടെ രേഖകൾ, വാഹനങ്ങളുടെ രേഖകൾ, വീട് നിർമ്മാണത്തിന്റെ രേഖകൾ തുടങ്ങിയവ ഇഡി സംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം.
സംസ്ഥാനത്തിന് അകത്തും പുറത്തുമായി 21 ഇടങ്ങളിലാണ് കേസുമായി ബന്ധപ്പെട്ട് ഇഡി പരിശോധന നടത്തിയത്. സ്വർണക്കൊള്ളയക്ക് പിന്നിലെ കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യാപ്തി കണ്ടെത്തുന്നതിനാണ് ഓപറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ മൂന്ന് സംസ്ഥാനങ്ങളിലെ പരിശോധന.
വിവിധ സംസ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അതീവ രഹസ്യമായാണ് ഓപറേഷൻ ഗോൾഡൻ ഷാഡോ. നിലവിൽ പ്രതികളായവരുടെ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, സാക്ഷികളുടെ വീടുകൾ ഉൾപ്പെടെ ഇഡി സംഘം പരിശോധന നടത്തി.
തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഉൾപ്പെടെ നാല് ഇടങ്ങളിലായിരുന്നു ഇഡി പരിശോധന. റെയ്ഡിന് മുൻപായി വിവരം പ്രസിഡന്റ് കെ. ജയകുമാറിനെ ഇഡി അറിയിച്ചിരുന്നു. ഉദ്യോഗസ്ഥർ ഫയലുകൾ എടുത്ത് നൽകി. എൻ. വാസുവിന്റെ പേട്ടയിലെ വീട്ടിലെത്തി നോട്ടീസ് നൽകിയാണ് പരിശോധന തുടങ്ങിയത്.
കേസിലെ പ്രതികളായ എ. ജയശ്രീ, കെ.എസ്. ബൈജു എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. ചെന്നൈ സ്മാർട് ക്രിയേഷനാണ് ഗൂഢാലോചനയിലെ മറ്റൊരു കേന്ദ്രം. പരിശോധനയ്ക്ക് ശേഷം പ്രതികൾക്ക് നോട്ടീസ് നൽകി. സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് ഇഡി കടക്കുമെന്നാണ് വിവരം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിന്റെ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. കേസിൽ കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് പുറത്തിറങ്ങാൻ എസ്ഐടി അവസരം ഒരുക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്യാമെങ്കിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും മുരളീധരൻ ചോദിച്ചു. സ്വർണക്കൊള്ളയിൽ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കടകംപള്ളിയുടെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തി. കടകംപള്ളി സുരേന്ദ്രന്റെ കരിക്കകത്തെ വീട്ടിലേക്ക് ആയിരുന്നു പ്രതിഷേധം.
ശബരിമല സ്വർണ്ണക്കള്ളയിൽ പ്രതിഷേധിച്ച് മന്ത്രി വി.എൻ. വാസവന്റെ ഓഫീസിലേയ്ക്കും ബിജെപി മാർച്ച് നടത്തി. പ്രതിഷേധവുമായി എത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേടുകൾ തകർത്തു മുന്നോട്ടുപോകാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
Kerala
കോട്ടയം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം. മന്ത്രിയുടെ കോട്ടയം ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഷോൺ ജോർജ് അടക്കമുള്ള നേതാക്കളാണ് മാർച്ചിന് നേത്യത്വം നൽകിയത്.
പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ വന്നതോടെയാണ് പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചത്. അതേസമയം, തിരുവനന്തപുരത്ത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്കും ബിജെപി മാർച്ച് നടത്തി.
മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സ്വർണക്കൊള്ളയിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന ആരംഭിക്കാനാകാതെ ഇഡി. നന്തൻകോട്ടെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എത്താതതിനാലാണ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും പരിശോധന തുടങ്ങാൻ കഴിയാത്തത്.
സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് ആസ്ഥാനത്ത് ഉള്ളത്.സ്വർണ്ണപാളിയുമായി ബന്ധപ്പെട്ട രേഖകൾ ദേവസ്വം ആസ്ഥാനത്ത് നിന്ന് പിടിച്ചെടുക്കാനാണ് ഇഡി നീക്കം.
അതിനിടെ ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളുടെ വീടുകളിൽ പരിശോധന നടത്തുകയാണ് ഇഡി. പ്രതികളുടെ വീടുകളിൽ ഉൾപ്പെടെ 21 ഇടങ്ങളിലാണ് ഇഡി പരിശോധന.
അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, എ. പത്മകുമാർ, എൻ. വാസു, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ വീടുകളിലും ബംഗളൂരുവിലെ സ്മാർട് ക്രിയേഷൻസ് ഓഫീസിലും പരിശോധന തുടരുകയാണ്.
Kerala
കൊച്ചി: ശബരിമലയിലെ സ്വർണപാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഉന്നയിച്ച് ഹൈക്കോടതി. സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോർട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പരിശോധന നടത്തിയ വിഎസ്എസ്സി യിലെ ഉദ്യോഗസ്ഥറുടെ വിശദമായ മൊഴിയെടുക്കണമെന്ന് കോടതി നിർദേശിച്ചു.
പാളികൾ മാറ്റിയിട്ടുണ്ടോ എന്നതിൽ വ്യക്തത ഉണ്ടാക്കാൻ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. പാളികൾ പുതിയതാണോ പഴയതാണോ എന്നറിയാൻ പരിശോധന നടത്തേണ്ടതുണ്ട്.
ജനുവരി 20ന് വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് കോടതി അനുമതി നല്കിയിട്ടുണ്ട്. വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്റ് എൻ. വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഇന്ന് വാസുവിനെ വിജിലൻസ് കോടതി മുൻപാകെ ഹാജരാക്കിയത്. ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്നാണ് 14 ദിവസത്തേക്ക് കൂടി വാസുവിനെ റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേയ്ക്ക് വിട്ടിരിക്കുന്നത്.
തന്ത്രിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ മുന്നിലെത്തും. എസ്ഐടി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ വാദങ്ങൾ തെറ്റാണെന്നും അതിവിചിത്രമായ വാദങ്ങളാണ് എസ്ഐടി പറയുന്നതെന്നും ഈ സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും തന്ത്രി ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Kerala
കൊച്ചി: ശബരിമല സ്വര്ണക്കൊള്ളയില് സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്ജികള് ഹൈക്കോടതി വിശദവാദത്തിന് മാറ്റി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്, വിശ്വഹിന്ദു പരിഷത്ത് എന്നിവര് നല്കിയ ഹര്ജികളാണ് ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര് എന്നിവരടങ്ങുന്ന ദേവസ്വംബെഞ്ചിന്റെ പരിഗണനയിലുളളത്.
ഒന്നിച്ച് വാദം കേള്ക്കാനായി ഇരു ഹര്ജികളും രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാന് മാറ്റി. നിലവിലെ സാഹചര്യത്തില് പ്രത്യേക സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമാകില്ലെന്നാണ് ഹര്ജികളിലെ ആരോപണം.
ശബരിമലയിലെ സ്വര്ണം വിവിധ സംസ്ഥാനങ്ങളില് എത്തിച്ചിട്ടുണ്ടെന്നും അവിടങ്ങളിലെ ആളുകള്ക്കും തട്ടിപ്പില് പങ്കുള്ളതിനാല് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മതിയാവില്ലെന്നുമാണ് ഹര്ജിയിലെ വാദം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്റെ നേതൃത്വത്തിലുള്ള ബോർഡിനെയും ഉദ്യോഗസ്ഥരെയും കുടുക്കാൻ ശ്രമം നടക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. തന്റെ ഭരണകാലത്ത് സ്വർണപാളികള് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും പ്രശാന്ത് പറഞ്ഞു.
"ദേവസ്വം ബോർഡിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. സ്വർണപാളികളുടെ ഭാരം പണിക്ക് ശേഷം കൂടുകയാണ് ചെയ്തത്. മാത്രമല്ല സ്വർണപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ല.'-പ്രശാന്ത് വ്യക്തമാക്കി.
എന്നാൽ, സ്പെഷ്യൽ കമ്മീഷ്ണറെ മുൻകൂട്ടി അറിയിക്കുന്നതിൽ പിഴവുണ്ടായിരുന്നുവെന്നും അതിന് ഹൈക്കോടതിയിൽ മാപ്പു പറഞ്ഞിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു. അയ്യപ്പ സംഗമത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയെ ക്ഷണിച്ചിരുന്നില്ല. അതിന്റെ വൈരാഗ്യത്തിൽ നടത്തിയ വെളിപ്പെടുത്തലാണ് പോറ്റിക്ക് കുരുക്കായതെന്നും പ്രശാന്ത് പറഞ്ഞു.
Kerala
കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോര്ഡ് മുന് അംഗം എന്. വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കൊല്ലം വിജിലൻസ് കോടതി. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് നടപടി.
കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. എ. പത്മകുമാര് നേതൃത്വം നല്കിയ ബോര്ഡിലെ സിപിഎം നോമിനി ആയിരുന്നു വിജയകുമാര്.
Kerala
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി. തന്ത്രിയെ അറസ്റ്റ് ചെയ്യാൻ എസ്ഐടിക്ക് കോടതി അനുമതി നൽകി. തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന റിപ്പോർട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയിരുന്നു.
സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയിൽ പങ്കാളിയായെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ജയിലിലെത്തി അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തും.
കട്ടിളപാളി കടത്തിയ കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തിരുന്നത്. അതേസമയം, തന്ത്രിയുടെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റി. മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് നീട്ടുകയും ചെയ്തു. ഈ മാസം 27വരെയാണ് റിമാൻഡ് കാലാവധി നീട്ടിയത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം-കോണ്ഗ്രസ് കുറുവാ സംഘമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്. തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണോയെന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖര് പറഞ്ഞു.
"എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നതാണ് പ്രധാന ചോദ്യം. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോള് എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല? ശബരിമല സ്വര്ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ രാഷ്ട്രീയക്കാരുണ്ട്.'-രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
"ജനുവരി 14ന് മകരവിളക്ക് ദിവസം വീട്ടിലും നാട്ടിലും അയ്യപ്പ ജ്യോതി നടത്തും. എൻഡിഎയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന്റെ തുടക്കമായിരിക്കും അത്. ശബരിമല സ്വര്ണക്കൊള്ളയിൽ എൽഡിഎഫിനും യുഡിഎഫിനുമെതിരായ സമരമായാണ് അയ്യപ്പ ജ്യോതി തെളിയിക്കുന്നത്.'-രാജീവ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മന്ത്രിമാരും മുൻ മന്ത്രിമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പന്റെ മുതൽ കട്ടവരാരും രക്ഷപെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രിമാരടക്കമുള്ളവർ കൊള്ളയിൽ ഉണ്ടെന്നാണ് തങ്ങൾക്ക് ലഭിച്ചിട്ടുള്ള വിവരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ നേതാക്കൾക്കെതിരെ ഇതുവരെയും സിപിഎം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അവരെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങളാണ് നോക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.
തന്ത്രിയെ അറസ്റ്റ് ചെയ്തു എന്നത് ഒരു വസ്തുതയാണ്. അത് നിയമപരമായ കാര്യങ്ങളാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ആരും നിയമത്തിനതീതരല്ല. എസ്ഐടി അന്വേഷണം മുന്നോട്ട് നീങ്ങട്ടെയെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടപടി വേഗത്തിലാക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രധാന പ്രതിയടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച കോടതിയെ സമീപിചേക്കുമെന്നാണ് വിവരം.
ഏറ്റവും ഒടുവിൽ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരും ഇഡി പ്രതിപ്പട്ടികയിൽ ഉണ്ടാകും. നഷ്ടത്തിന്റെ ആകെ മൂല്യം കണക്കാക്കി പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയും ഉടൻ ഉണ്ടാകും. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇഡി അന്വേഷണം.
എസ്ഐടി പ്രതിചേർത്ത എല്ലാവരെയും പ്രതികളാക്കിയാണ് കൊച്ചി യൂണിറ്റിൽ ഇസിഐആർ രജിസ്റ്റർ ചെയ്തട്ടുള്ളത്. 2019 ലെ സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് നടന്നതിലാണ് അന്വേഷണമെങ്കിലും 2025 വരെയുള്ള വിഷയങ്ങൾ ഇഡി അന്വേഷണ പരിധിയിൽ വരും.